Wednesday, September 22, 2010

അമൃതത്തിന്റെ മാര്‍ഗം


മതനിന്ദ ചെയ്തവനോട് പൊറുക്കണമോ അതോ അതിന് ശിക്ഷ വിധിച്ചവരോട് പൊറുക്കണമോ അതോ ശിക്ഷിതനെ വീണ്ടും ശിക്ഷിക്കുന്നവരോട് പൊറുക്കണമോ എന്നെല്ലാം സസൂക്ഷ്മമായ ചര്‍ച്ച നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോകുന്നു; മുപ്പത്തിയൊന്നു കൊല്ലം മുമ്പ് ബദര്യാശ്രമത്തില്‍വെച്ച് ഉണ്ടായ ഒരു ചെറിയ കാര്യം. പതിമ്മൂവായിരം അടി പൊക്കത്തില്‍ ഹിമാലയത്തില്‍ അന്ന് മഞ്ഞുണ്ട്. നാലുനാഴികകൂടി വടക്കോട്ട് കയറിച്ചെന്നാല്‍ സരസ്വതീനദി അളകനന്ദയിലേക്ക് അലറിപ്പാഞ്ഞു പതിക്കുന്നിടത്ത് വ്യാസഭഗവാന്റെ ആശ്രമം. വേദം നാലായിപ്പകുത്ത് ഇന്ത്യയ്ക്കു തന്ന മുക്കുവ മുത്തച്ഛന്‍. ഒന്നേകാല്‍ ലക്ഷം ശ്ലോകം ചേര്‍ന്ന ഇതിഹാസം, ഭാരതം കൊണ്ട് ഒരു ഭൂഖണ്ഡത്തിന് നാമകരണംചെയ്ത കൃഷ്ണദൈ്വപായനന്‍. ഇക്കാണായതെല്ലാം എവിടെനിന്നുണ്ടായി, എങ്ങനെ ഉണ്ടായി എന്ന് ചിന്തിച്ചുചെന്ന് ബ്രഹ്മസൂത്രങ്ങള്‍, ആധുനിക സയന്‍സിനുപോലും സമ്മതമാകുംവിധം രചിച്ചുവെച്ച ബാദരായണന്‍. വിശാലമായ ആ ഗുഹയില്‍ ചെന്നിരുന്ന സമയം ഞങ്ങള്‍ മറ്റൊക്കെ മറന്നു.


-ഇങ്ങോട്ടു ശപിച്ചാല്‍ ഞാന്‍ അങ്ങോട്ട് ശപിക്കാറില്ല.

-ദമം ആണ് അമൃതത്തിലേക്കുള്ള വഴി.

-നിഗൂഢമായ ആ സത്യം ഞാനിതാ പറഞ്ഞുതരാം:

-മനുഷ്യനേക്കാള്‍ ശ്രേഷ്ഠമായി പ്രപഞ്ചത്തില്‍ ഒന്നുമില്ല!

വ്യാസനാണ് ചെവിയില്‍ മന്ത്രിക്കുന്നത്. ഇതുപോലൊന്നു പില്ക്കാലത്ത് മാക്‌സിംഗോര്‍ക്കി പറഞ്ഞതും ഓര്‍മവന്നു. 'മനുഷ്യന്‍' മനോഹരമായ പദമാകുന്നത് എന്തുകൊണ്ടാണ്?

കൊല്ലുന്നതും തിന്നുന്നതും ജീവന്റെ സ്വഭാവമാണ്. പക്ഷേ, സ്വതേ മൃഗങ്ങള്‍ തീറ്റ കഴിഞ്ഞാല്‍ പിന്നെ ഇരയെ ദ്രോഹിക്കാറില്ല. മനുഷ്യന്‍ നാളേക്ക് കരുതിവെക്കാന്‍ ഇതും ചെയ്യും. എന്നാല്‍ അവന്‍ തനിക്കുമാത്രമല്ല മറ്റുള്ളവര്‍ക്കുവേണ്ടിയും കരുതിവെക്കും. ഇതരര്‍ക്കുവേണ്ടി അവന്‍ ഇല്ലായ്മയും പങ്കിടും. അവന്‍ സൗന്ദര്യം സൃഷ്ടിക്കും. അവന്റെ പേര്‍ സുന്ദരമാകും.

അതിനും അപ്പുറത്താണ് വ്യാസഭഗവാന്റെ നിലപാട്. ഇരയോ ഇന്നോ ഇന്നലെയോ ഒന്നുമല്ല അവിടത്തെ പ്രശ്‌നം. എല്ലാ ജന്തുക്കളും ഇങ്ങോട്ട് ആക്രമിച്ചാല്‍, തിരിച്ച് അങ്ങോട്ടും ആക്രമിക്കും. ജീവവാസനയുടെ, അതിജീവനത്തിന്റെ ഭാഗമാണത്. പക്ഷേ, തിരിച്ചങ്ങോട്ട് ആക്രമിക്കാത്ത ഒരു ജന്തു/മൃഗം മാത്രമാണുള്ളത്-മനുഷ്യന്‍. മാര്‍ക്‌സ് ചൂണ്ടിക്കാണിക്കുംവിധം, ഉള്ളവരും ഇല്ലാത്തവരുമായി പെറ്റുപെരുക്കുന്ന ഇരുകാലികളില്‍, പക്ഷേ, ഉണ്ടായിട്ടും വേണ്ടാത്തവര്‍ എന്നൊരു അപൂര്‍വവര്‍ഗം ഇടയ്ക്ക് ഉദിച്ചു മറയുന്നുണ്ട്. ശ്രീബുദ്ധനും സോക്രട്ടീസും ക്രിസ്തുഭഗവാനും എല്ലാം ആ ഇനത്തില്‍പ്പെടുന്നു. എന്തിന്, കാള്‍ മാര്‍ക്‌സ്തന്നെ അവരെ പ്രതിനിധാനം ചെയ്യുന്നു. (ഒരു മഹാസാമ്രാജ്യത്തിലെ ഉന്നതപദവി ഏതും കൈയെത്തിയാല്‍ കിട്ടുമായിരുന്നിട്ടും രാപകല്‍ ഗ്രന്ഥതപസ്സ് അനുഷ്ഠിച്ച് ജീവിതം തുലച്ചവനാണല്ലോ അദ്ദേഹം!) അതിനുമപ്പുറം നാച്വര്‍ എന്ന് താന്‍ കരുതുന്ന സൂക്ഷ്മ പ്രകൃതിയിലേക്ക് ഉള്‍ക്കാഴ്ചയരുളുന്ന ചില ദാര്‍ശനികമായ കുറിപ്പുകള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നതായി എവിടെയോ വായിച്ചത് ഓര്‍മവരുന്നു. അവിടെത്തന്നെയാണ് മനുഷ്യനെ വ്യതിരിക്തമായൊരു മൃഗമാക്കുന്ന സ്വഭാവം വ്യാസന്‍ ചൂണ്ടിക്കാട്ടുന്നത്; ശപിച്ചാല്‍ തിരിച്ചങ്ങോട്ടും ശപിക്കാതിരിക്കുക എന്ന വലിയ ശീലം-

നാഹം ശപ്തഃ പ്രതിശപാമി കഞ്ചിത്

ദമം ദ്വാരം അമൃതസ്യേഹ വേദ്മി

ഗൂഢം ബ്രഹ്മ തദിദം വോ ബ്രവീമി

ന മാനുഷാത് ശ്രേഷ്ഠതരം ഹി കിഞ്ചിത്.

ഇതിലേക്ക് മതം വേണമോ? വേണമെങ്കില്‍ ആവാം. അല്ലെങ്കില്‍ വേണ്ട. വ്യാസഭഗവാന് നിര്‍ബന്ധമില്ല. മതം (അഭിപ്രായം) തനിക്ക് പ്രധാനമല്ല. ഗൗതമബുദ്ധനാണ് മതത്തെ നിര്‍ണായക ഘടകമാക്കിയത്. അതിനുമുമ്പ് മതം വ്യക്തിയുടെ മാത്രം കാര്യമാണ്. ധര്‍മമാണ് മാര്‍ഗം. സത്യം ആണ് ലക്ഷ്യം. ധര്‍മമെന്നത് സംശയം വരുമ്പോള്‍ അതതുകാലത്ത് അതതുദേശത്തെ വിവേകികള്‍ ഒത്തിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് വേദത്തിലെ നിര്‍ദേശം. നിര്‍വചിക്കുക എളുപ്പമല്ല. നിര്‍വചിച്ചിട്ട് കാര്യവുമില്ല.

-തനിക്ക് പ്രിയമായതെന്തോ അത്മറ്റുള്ളവര്‍ക്കും കൈവരണമെന്ന് ആഗ്രഹിക്കുക.

-തനിക്ക് അപ്രിയമായ കാര്യം ഇതരര്‍ക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

(യദാത്മനഃപ്രിയം വസ്തു

തത്പരസ്യാപി ചിന്തയേത്

നതത് പരസ്യ കുര്‍വിത

ജാനന്നപ്രിയ മാത്മനഃ)


ഇത്രയേ ഉള്ളൂ ധര്‍മം. വ്യാസഗുഹയില്‍നിന്ന് തെളിഞ്ഞ മനസ്സോടെ ഞങ്ങള്‍ പുറത്തേക്ക് കടന്നു.

എത്രയോ മഹാസംസ്‌കൃതികള്‍ പൂത്തുലയുകയും മണ്ണടിയുകയും ചെയ്ത ഭൂമുഖത്ത് ഇന്നും ഒരു വര്‍ത്തമാന സംസ്‌കാരമായി ഭാരതം നിലനില്‍ക്കുന്നത് ഈ വലിയ പാരമ്പര്യം മണ്ണില്‍ വറ്റാത്തതുകൊണ്ടാണ്. ഹിന്ദുവും ജൈനനും ബൗദ്ധനും ശിഖനും ക്രിസ്ത്യനും മുസ്‌ലിമും ഈ ധാരയില്‍ പിറന്നവരാണ്. ഇതിന് അധികാരികളാണ്. ഇങ്ങോട്ടു ശപിച്ചാല്‍ തിരിച്ചങ്ങോട്ട് ശപിക്കാതിരിക്കാനുള്ള ഈ വിവേകം, അമൃതത്തിന്റെ മാര്‍ഗം, അവര്‍ കൈവിടാന്‍ പാടില്ല.

No comments:

Post a Comment