Friday, July 16, 2010

നമ്മുടെ ആണ്‍ കുട്ടികളെ എന്ത് ചെയ്യണം ?

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെക്കുറിച്ച് ആരും വേവലാതികൊള്ളുകയോ, അതിനെ കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നില്ല എന്ന് ഒട്ടു ദുഃഖത്തോടെ ചൂണ്ടിക്കാണിക്കേണ്ടിവരികയാണ്. കൗമാര പ്രായത്തോട് അടുത്തുകൊണ്ടിരിക്കുന്ന ആണ്‍ മക്കളുള്ള വീട്ടിലെ മാതാവും പിതാവും അനുഭവിക്കുന്ന നെഞ്ചിടിപ്പാണ് ആ പ്രതിസന്ധി. അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികളെ എന്തു ചെയ്യണം എന്ന് അറിയാത്തതിന്റെ ആധിയിലാണ് അവര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ മാത്രം വേവലാതിയായിരുന്നു ഇതെങ്കില്‍ ഇപ്പോള്‍ ചിത്രം മാറിയിരിക്കുന്നു. പെണ്‍കുട്ടികളേക്കാള്‍ പേടിക്കേണ്ടത് ആണ്‍കുട്ടികളുടെ മാതാപിതാക്കളാണ് എന്ന് കോഴിക്കോട് നഗരത്തിലെ പോലീസ് അധികാരികള്‍ അടുത്തിടെ പുറത്തുവിട്ട വിവരങ്ങള്‍ ഓര്‍മിപ്പിക്കുന്നു. കുട്ടിമോഷ്ടാക്കളുടെ സംഘങ്ങളെ നിരന്തരം പിടികൂടിക്കൊണ്ടിരിക്കുകയാണ് കോഴിക്കോട്ടെ പോലീസുകാര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ നിന്നാണ് കഴിഞ്ഞ മാസം ആദ്യത്തെ വസ്തുത പുറത്തുവന്നത്. ആദ്യമൊന്നും ആര്‍ക്കും അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആദ്യമാദ്യം പോലീസുകാര്‍ തന്നെയും വിശ്വസിച്ചിരുന്നില്ല. കളവുമുതലായി നാല്‍പ്പത്തഞ്ചോളം മോട്ടോര്‍ സൈക്കിളുകളും അതിന്റെ പകുതിയോളം കമ്പ്യൂട്ടറുകളും കണ്ടെടുത്തപ്പോള്‍ സ്വാഭാവികമായും പോലീസുകാര്‍ കരുതിയത് ഏതോ വന്‍ മോഷണ സംഘമായിരിക്കും ഇതിനു പിന്നില്‍ എന്നാണ്. എന്നാല്‍ അന്വേഷണം തുടര്‍ന്നപ്പോള്‍ അവര്‍ അമ്പരക്കുക തന്നെ ചെയ്തു. 15നും 18നും ഇടയില്‍ പ്രായമുള്ള 15 വിദ്യാര്‍ഥികളായിരുന്നു ഈ സംഘടിത മോഷണത്തിനു പിന്നില്‍. പഴുതില്ലാതെ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇവരുടെ ഓരോരുത്തരുടെയും പിതാക്കന്മാരെ വിളിച്ചു വരുത്തിയപ്പോഴാണ് പോലീസ് അധികൃതര്‍ ശരിക്കും അമ്പരന്നുപോയത്. സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്ന മക്കള്‍ എവിടെയാണ് എത്തുന്നത് എന്നോ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നോ ആരും അറിഞ്ഞിരുന്നില്ലത്രെ. ആരും മക്കളെക്കുറിച്ച് അന്വേഷിച്ചിരുന്നുമില്ല. പത്ത് പൈസ പോലും വരുമാനമില്ലാത്ത ഇളംതരുണര്‍ രാത്രിയില്‍ മോട്ടോര്‍ ബൈക്കില്‍ വരുന്നതും ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതും കണ്ടപ്പോള്‍ ചില പിതാക്കന്മാര്‍ ചോദിച്ചില്ല എന്നല്ല. 'കൂട്ടുകാരന്റെതാണ്' എന്ന മറുപടി കേട്ടതോടെ അവര്‍ അവസാനിപ്പിച്ചു. അല്ലെങ്കില്‍ തന്നെ, സ്വന്തം മകനെ എന്തിന് അവിശ്വസിക്കണം? എന്തിന് സംശയിക്കണം? അല്ലേ?. പക്ഷേ, പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് തെളിവ്‌സഹിതം കാര്യങ്ങള്‍ നിരത്തിയപ്പോള്‍ പിതാക്കന്മാരും കണ്ണുതള്ളി. ഏതായാലും മോഷ്ടാക്കളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു കാര്യം ചെയ്തു. ആരുടെയും പേര് വെളിപ്പെടുത്തിയില്ല. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്തയുടന്‍ സ്വന്തക്കാരുടെ ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടികളെ നിരീക്ഷിക്കണമെന്നും സൂക്ഷ്മതയോടെ വളര്‍ത്തണമെന്നും ഓരോ രക്ഷിതാവിനേയും ഓര്‍മിപ്പിച്ചു. അത്രയല്ലേ പോലീസിന് ചെയ്യാനൊക്കൂ. എന്നാല്‍ സംഗതി അവിടംകൊണ്ട് നിന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കോഴിക്കോട് നഗരത്തിന്റെ തന്നെ മറ്റൊരു ഭാഗത്തു നിന്ന് ഇതേ ലക്ഷണങ്ങളുള്ള മറ്റൊരു സംഘം കുട്ടിക്കള്ളന്മാരെ ഒരാഴ്ചക്കിടെ പോലീസ് പിടികൂടി. കളവുമുതല്‍ മോട്ടോര്‍ സൈക്കിള്‍ തന്നെ. ഒരേ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നവരാണ് ഈ സംഘത്തിലെ മോഷ്ടാക്കള്‍ എന്നൊരു പ്രത്യേകതയുമുണ്ട്. ഇവിടേയും അന്വേഷിച്ചു ചെന്നപ്പോള്‍ രക്ഷിതാക്കളുടെ അനാസ്ഥ തന്നെയാണ് കുട്ടികള്‍ക്ക് മോഷണത്തില്‍ അഭിരമിക്കാന്‍ അവസരമൊരുക്കിയത്. ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കുന്ന പയ്യന്‍ രാവിലെ ബസ്സില്‍ സ്‌കൂളിലേക്ക് പോയാല്‍ വൈകുന്നേരം തിരിച്ചുവരുന്നത് 'സ്വന്തം' ബൈക്കിലാണ്. ഇതെങ്ങനെ സാധിച്ചു എന്ന് രക്ഷിതാക്കള്‍ അറിയുന്നില്ല! അറിയാന്‍ ശ്രമിക്കുന്നുമില്ല. ഇതെന്തു നഗരമാണ്? ഇതെന്തു നാടാണ്?. നേരും നെറിയുമുള്ള സാമൂഹിക ജീവിതവും സ്‌നേഹത്തിന്റെ അടുപ്പമുള്ള കുടുംബ ജീവിതവുമായിരുന്നു കേരളീയ സമൂഹത്തിന്റെ മുഖമുദ്ര. ഇന്ന് അതൊരു മേനി പറച്ചില്‍ മാത്രമാണ്. സ്വന്തം വീട്ടില്‍, തൊട്ടടുത്ത മുറിയില്‍, മക്കള്‍ എന്തു ചെയ്യുന്നു എന്നു പോലും അറിയാത്ത പിതാക്കന്മാരാണ് ഇന്നത്തെ കേരളീയര്‍. കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ വഴിതെറ്റിക്കാന്‍ പലരും കറങ്ങിത്തിരിഞ്ഞു നടക്കുന്നുണ്ട് നമുക്കു ചുറ്റും. മയക്കുമരുന്ന് ലോബിയും, കുഴല്‍പ്പണ ഇടപാടുകാരും ലൈംഗിക വിപണിക്കാരുമായിരുന്നു പണ്ട് എങ്കില്‍ പുതിയൊരു കൂട്ടരുമുണ്ട് ഇപ്പോള്‍. ഭീകര സംഘടനകളും തീവ്രവാദികളും. ഇത്തരക്കാര്‍ക്കൊക്കെയും ആണ്‍കുരുന്നുകളെ ആവശ്യമുണ്ട്. മോട്ടോര്‍ സൈക്കിളോ, കമ്പ്യൂട്ടറോ, മൊബൈല്‍ ഫോണോ കൊരുത്ത് ചൂണ്ടയിട്ടാല്‍ കൊത്താന്‍ ഇഷ്ടംപോലെ കുട്ടികളുമുണ്ട് കേരളത്തില്‍. പിന്നെ മാഫിയകള്‍ക്കെന്ത് പ്രയാസം? ഗുണ്ടാ പണിയിലും കൂലിത്തല്ലിലും പരിശീലനം നേടിയ ശേഷമാണല്ലോ അടുത്തിടെ പല ചെറുപ്പക്കാരും തീവ്രവാദ ക്യാമ്പുകളിലെത്തിയത്. ഇതാണ് സാഹചര്യം. ഇത് അറിഞ്ഞുകൊണ്ടുവേണം മക്കളെ വളര്‍ത്താന്‍. പഴയതു പോലെയല്ല, കൂട്ടുകുടുംബമല്ല. ആണ്‍മക്കളെ ഗുണദോഷിക്കാനും വഴിനടത്താനും മുത്തച്ഛന്‍മാരോ അമ്മാവന്‍മാരോ വീട്ടിലുണ്ടാകില്ല. ആധുനിക കാലത്തെ പല വീട്ടിലും ജ്യേഷ്ഠന്‍മാര്‍പോലും ഉണ്ടാകില്ല. ഗുരുനാഥന്‍മാരുടെ കാര്യം പറയാനില്ല. അങ്ങനെയൊരു വംശം ഇപ്പോഴില്ലല്ലോ. മാഷുമാരും മറ്റുമല്ലേ ഉള്ളത്? അവരാരെങ്കിലും ഗുണദോഷിക്കാന്‍ ശ്രമിച്ചാല്‍ തന്നെ പയ്യന്‍സിന് അത് പിടിച്ചുകൊള്ളണമെന്നില്ല. പറഞ്ഞു വരുന്നത്, ആണ്‍കുട്ടിയുടെ ഉത്തരവാദിത്വം പിതാവിലും മാതാവിലും മാത്രമാണ് എന്നാണ്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആധി പെരുത്ത് കഴിയുന്ന അമ്പതിലേറെ രക്ഷിതാക്കളുടെ അനുഭവം അതാണ് പറഞ്ഞു തരുന്നത്. ഇത് ആ രക്ഷിതാക്കളുടെ മാത്രം പ്രശ്‌നമല്ല. കോഴിക്കോട് നഗരത്തിന്റെ മാത്രം പ്രശ്‌നമല്ല. ആണ്‍കുട്ടികളുള്ള ഓരോ വീട്ടിലേയും പ്രശ്‌നമാണ്. കേരളം അതിവിദൂരമല്ലാത്ത ഭാവിയില്‍ മോഷ്ടാക്കളുടെ നാടായി മാറണമോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട പ്രശ്‌നമാണ്. വേണ്ട എന്നാണ് ഉത്തരമെങ്കില്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായിരിക്കുന്നു. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

No comments:

Post a Comment